16, January, 2026
Updated on 16, January, 2026 32
കേരളത്തിലെ ആദ്യ കുംഭമേള ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ നടക്കും. മഹാമാഘ മഹോത്സവത്തിന് ജനുവരി 19ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആലേക്കർ കൊടിയേറ്റുംരാവിലെ 11 മണിക്കാണ് കൊടിയേറ്റം നടക്കുക. ജനുവരി 16ന് പ്രായശ്ചിത്ത കർമ്മങ്ങളോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഈ കർമ്മങ്ങള്‍ ജനുവരി 18ന് മൗനി അമാവാസിക്കാണ് പൂർത്തിയാക്കുക. ഫെബ്രുവരി മൂന്നിന് മകം നക്ഷത്രം വരെയാണ് കുംഭമേള നടക്കുക. പ്രയാഗിലും മറ്റും കുംഭമേളയ്ക്ക് നേതൃത്വം നല്‍കുന്ന നാഗ സന്യാസിമാരുടെ സമൂഹമായ ജുന അഘാടയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകര്‍.ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി പതിനഞ്ചു വരെയാണ് മാഘമാസം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെറിയ രീതിയില്‍ തിരുനാവായയില്‍ മാഘ മക ഉത്സവം എന്ന പേരില്‍ ഉത്സവം നടന്നിരുന്നു. അത് ഇത്തവണ കൂടുതല്‍ വിപുലീകരിച്ച് വിവിധ ചടങ്ങുകളോടെയാണ് ഇത്തവണ നടത്തുന്നത്. കുംഭ മേള നടക്കുന്ന ദിവസങ്ങളില്‍ നവകോടി നാരായണ ജപം അഖണ്ഡമായി നടക്കും.സാധാരണയായി മാഘമാസത്തില്‍ വീടുകളിലും ജപാർച്ചന നടത്താറുണ്ട്. കൂടാതെ എല്ലാ ദിവസവും വൈകിട്ട് നിള ആരതിയും ഉണ്ടാകും. രാവിലെ വേദ ഘോഷത്തോടെ നിള സ്നാനവും നടക്കും. കുംഭമേളയുടെ ഭാഗമായി ദേവത പ്രാധാന്യമുള്ള മൗനമാവാസി, ഗണേശ ജയന്തി, വസന്ത പഞ്ചമി, ശാരദ പഞ്ചമി, രഥ സപ്തമി, ഭീഷ്മ ഗുപ്ത നവരാത്രി, ഗുപ്ത വിജയദശമി, ജയ ഏകാദശി പൂർണിമ എന്നീ ദിവസങ്ങളില്‍ പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും നടക്കും. ഈ ചടങ്ങുകളില്‍ സംസ്ഥാനത്തെ എല്ലാ ഹിന്ദുപരമ്പര കളിലെയും ഉള്‍പ്പെട്ട സന്യാസിമാരും ആചാരമാരും പങ്കെടുക്കും.അതെ സമയം കുംഭമേളയ്ക്ക് ഒരുക്കുന്ന താല്‍ക്കാലിക പാലത്തിൻ്റെയും യജ്ഞശാലയുടെയും നിർമാണം നിർത്തിവയ്ക്കാൻ റവന്യു വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു. ഭാരതപ്പുഴയില്‍ മണല്‍ നീക്കി താത്കാലികമായി പാലം നിർമിക്കുന്നതാണ് റവന്യൂ വകുപ്പ് തടഞ്ഞിരിക്കുന്നത്. പുഴ കൈയേറിയുള്ള പാലം നിർമാണവും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കുന്നതും കേരള നദീതീര സംരക്ഷണ നിയമത്തിൻ്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.പാലം നിർമാണത്തിന് അനുമതിതേടി മാഘമക ഉത്സവ സംഘാടകസമിതി നവംബർ 14 ന് കളക്ടർക്ക് അപേക്ഷ നല്‍കിയിരുന്നതായി സംഘാടകർ പറഞ്ഞു. മറുപടി കിട്ടാത്ത സാഹചര്യത്തിലാണ് താത്കാലിക പാലം നിർമാണം ആരംഭിച്ചത്. അതിനാല്‍ ആര് തടഞ്ഞാലും പരിപാടി നടത്തുമെന്നും സംഘാടകള്‍ കൂട്ടിച്ചേർത്തു.